ഒരുവാൽകണ്ണാടി മനസ്സ്..

.!
**************************************
കൊഴിഞ്ഞു വീണ
കൊന്നപ്പൂക്കൾ
കാലത്തിന്റെ പൂക്കുടയിൽ
കണ്ണുപൊത്തിക്കളിക്കുന്നു
മീനം പോക്കുവെയിൽ
തീർത്ത്
മേടക്കുരുന്നുകളെ തിരയുന്നു
മണ്ണും പെണ്ണും
വിത്തും വിതയും
കൊയ്ത്തും മെതിയും
നെല്ലും പതിരും
കണിയും കൈനീട്ടവും
ഇന്നലെകളിലെവിടെയോ
കൊയ്ത്തുപാട്ടിന്റെ
ശീലുകളിൽ താളം കൊട്ടുന്നു
പുലരിയുടെ പുഞ്ചിരിയിലും
പ്രതീക്ഷയുടെ നാളമടഞ്ഞ്
പൂക്കാത്ത പുളിച്ചിമാവിനെ നോക്കി
നിസ്സംഗമായ് നെടുവീർപ്പിടുന്നു
നിസ്സഹായരായ
പഴമയുടെ വാർദ്ധക്യം ..!
ഒരുപിടി നെല്ല്
ഒരുപടല പഴം
ഒരുനുള്ള് എള്ള്
ഒരു കണിവെള്ളരി
ഒരു നാളികേരം
ഒരുകുല സുവർണ്ണ പൂവ്
ഒരു നിറ ഉരുളി
ഒരു കാലത്തിന്റെ സമൃദ്ധി
ഒരുവാൽകണ്ണാടി മനസ്സിൽ
നിറഞ്ഞു തെളിയുന്നു
ഇനിയും തിരിച്ചുവരാത്ത
കാർഷിക സമൃദ്ധിയും കാലവും ...!

അഭിപ്രായങ്ങള്‍

ഈ ബ്ലോഗിൽ നിന്നുള്ള ജനപ്രിയ പോസ്റ്റുകള്‍‌

പദസ്വരം

നീ

വിരഹം